എത്രയും ദയയുള്ള മാതാവേ,ഞങ്ങളുടെ ആശ്രയമേ
അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കളെയും
അമ്മ ഈശോയിലേക്കെത്തിക്കുന്നു
നിത്യസഹായമായ അമ്മയുടെ കൈ പിടിച്ചു കൊണ്ട്
ഈശോയുടെ സവിധെ ചെന്നു ചേരുവാൻ ഞങ്ങളെ സഹായിക്കേണമേ
എത്രയും ദയയുള്ള മാതാവേ ചൊല്ലി
എന്നുടെ നിഴലായ് നിത്യസഹായമായ്
മാതാവിൻ ചിത്രമുള്ളുത്തരീയം
അമ്മച്ചിയന്നെന്നെ അണിയിച്ചു
മാതാവെന്നും നിന്നെ കാത്തു കൊള്ളും കുഞ്ഞേ
വാത്സല്യമായ് കാതിൽ മന്ത്രിച്ചു
അമ്മച്ചി മാതാവിൻ ജപമാലയൊരെണ്ണം
എൻ കുഞ്ഞു കൈകളിൽ വാങ്ങിത്തന്നു
മുത്തുകളെണ്ണിയാ പ്രാർത്ഥനയ്ക്കർത്ഥങ്ങൾ
ഭക്തിയോടെൻ കാതിൽ പറഞ്ഞു തന്നു
സന്ധ്യയ്ക്കു മാതാവിൻ രൂപത്തിൽ മുൻപിൽ
തിരിവെച്ചു കൈകൾ ഞാൻ കൂപ്പി നിന്നു
ജപമാല ചൊല്ലുമ്പോൾ എൻ കൊച്ചു ഹൃദയത്തിൽ
ഈശോയും മാതാവും നിറഞ്ഞു നിന്നു
മാതാവിൻ വണക്കമാസം വരും നാളിൽ
വീട്ടിലെന്താഘോഷമായിരുന്നു
പ്രാർത്ഥനാ മുറിയെല്ലാം പൂമാല കോർത്തിടും
പ്രാർത്ഥനാ ഗീതികളാർത്തു പാടും
ഭക്തിയായ് മാതാവിനെ വണങ്ങി
മാതൃ വാത്സല്യമാം സ്നേഹം നുകരാൻ
മാതാവിൻ മടിയിൽ ഞാൻ ചാഞ്ഞുറങ്ങി
ഈശോയിലേക്കുള്ള പാതകളെന്നും
മാതാവെനിക്കായ് കാട്ടിത്തന്നു
ആപത്തിൽ വീഴാതെ നന്മ ചെയ്തീടുന്ന
കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
ഈശോയിൽ നിന്നേറേ അനുഗ്രഹങ്ങൾ
മാതാവെനിക്കായ് വാങ്ങി തന്നു
ഈശോ തൻ സമ്മാനമായ മാതാവിനെ
ഞാനിന്നും ജീവനായ് സ്നേഹിക്കുന്നു