നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
നീർനിലങ്ങളിൻ അടിമയാരുടമയാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
നിൻ്റെ ചാളയിൽ എരിയുന്നില്ല അടുപ്പ്
പിഞ്ച് കുഞ്ഞവൾ അരവയറിൽ കിടപ്പ്
രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്ഞ്
ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന്
നാട് നഗരമാക്കി കൂട് കൂടാരമാക്കി
മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
പൊന്ന് കേട്ടവൻ പിടഞ്ഞ് വീണ് ചോരതുപ്പി
നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി
പൊന്നും നീതിയും വിളച്ചെടുത്ത ഭൂമിയും
അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്
തുണ്ട് മണ്ണിനായ് കൊതിച്ച്
പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച് (പണ്ടെ മരിച്ച്)
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്
യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട്
അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട്
എൻ്റെ മുതുകിൽ നിൻ്റെ വഞ്ചനയാലേറ്റ പാട്
പുലയനല്ല നീ തമ്പുരാനുമല്ല
ഇനിയും കാലമില്ല കാത്തിരിക്കാനാവുകില്ല
പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല
വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത്
നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച്
കണ്ട് കണ്ട് നീ ചിരിച്ച് (കണ്ട് നീ ചിരിച്ച്)
അല്ല അല്ല അല്ല അല്ലലില്ലാ നാളതില്ല
ഇല്ല ഇല്ല വേടനില്ലാ കഥ പറയുകില്ല
കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
അടിയാൻ കണ്ടതില്ല ഭാവി തൻ്റെ മക്കളിൽ
മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
വാളെടുത്തവൻ്റെ കയ്യിലാണ് നാട് പാതി
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
വാളെടുത്തവൻ്റെ കയ്യിലാണ് നാട് പാതി
എഴുതിയ വരിയിലധിക പകുതി ഞാനേറ്റ ചതി
കനലൊരു തരി മതി ഒരുതരി മതി തരി മതി
നീർനിലങ്ങളിൻ അടിമയാരുടമയാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്